അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. അമിതാഭ് ബച്ചന്‍ അവതാരകനായിട്ടുള്ള കോന്‍ ബനേഗാ ക്രോര്‍പതി 16 എന്ന പരിപാടിക്കിടെ മത്സരാര്‍ത്ഥി അല്ലുവുമായി ബച്ചനെ താരതമ്യപ്പെടുത്തുകയുണ്ടായി. ഇതിനെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ വലിയ ആരാധകനാണ് ഞാനെന്നും നല്ല കഴിവുള്ള നടനാണ് അല്ലുവെന്നും ബച്ചന്‍ പറഞ്ഞു. അല്ലുവിന് ലഭിച്ച അംഗീകാരം അര്‍ഹിക്കുന്നതാണെന്നും പുഷ്പ 2 എല്ലാവരും കാണണം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് വളരെ വിനീതമായി ബച്ചന്‍ അഭ്യര്‍ത്ഥിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വീട്ടമ്മയായ രജനി ബര്‍ണിവാളിയായിരുന്നു മത്സരാര്‍ത്ഥി. ഇവരോട് അല്ലു അര്‍ജുനോടുള്ള ഇഷ്ടത്തെക്കുറിച്ച് ബച്ചന്‍ ചോദിച്ചപ്പോള്‍ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണെന്നും രണ്ടു പേരും അഭിനയിക്കുമ്പോള്‍ ചില സാമ്യങ്ങള്‍ ഉണ്ടെന്നും മത്സരാര്‍ത്ഥി പറയുന്നു. പല സിനിമകളിലും കോമഡി രംഗങ്ങളില്‍ ബച്ചന് സമാനമായി ഷര്‍ട്ടിന്റെ കോളറില്‍ അല്ലു കടിക്കുന്നതാണ് ഇവര്‍ സാമ്യമായി പറയുന്നത്.