ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കോടതി വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോബിയുടെ ജാമ്യ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ ബോബി ചെമ്മണ്ണൂരിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ താരതമ്യം ചെയ്താണ് പറഞ്ഞതെന്നും ഹണി റോസിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും പ്രതിഭാഗം കോടതില്‍ വാദിച്ചു. ബോബി ചെമ്മണ്ണൂരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹാജരായി. |