കൊച്ചി: വിദേശ ജോലിതട്ടിപ്പു കേസില്‍ തൊടുപുഴ സ്വദേശി സെബാസ്റ്റ്യന്‍ പി.ജോണ്‍ (37), ജോണ്‍സി ജോസഫ് (46) കോട്ടയം സ്വദേശി ബിജു ( മാത്യു-39) എന്നിവര്‍ക്കു വിചാരണക്കോടതി അഞ്ചുവര്‍ഷം കഠിനതടവും 30.60 ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്. സെബാസ്റ്റ്യന്‍ പി. ജോണിന്റെ മുന്‍ ഭാര്യ സ്റ്റെഫി മേരി ജോര്‍ജ് (23) വിദേശത്താണ്. ഇവരാണു കേസിലെ രണ്ടാംപ്രതി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്റ്റെഫിയുടെ മാതാവും മുന്‍ തഹസീല്‍ദാരുമാണു മൂന്നാം പ്രതി ജോണ്‍സി.
കോട്ടയത്ത് അമര്‍സ്പീക്ക് അമേരിക്കന്‍ ആക്സന്റ് അക്കാദമി എന്ന പേരില്‍ സ്ഥാപനം നടത്തിയാണു പ്രതികള്‍ സംഘടിതമായി തട്ടിപ്പു നടത്തിയത്. വീസയും ജോലിയും വാഗ്ദാനം ചെയ്തു 28 പേരില്‍ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്. പിഴത്തുകയില്‍ നിന്നു 1.40 ലക്ഷം രൂപവീതം തട്ടിപ്പിന് ഇരകളായവര്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു. 2008-09 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. സ്പെയിനിലും ഇറ്റലിയിലും യുകെയിലുമാണു ജോലി വാഗ്ദാനം ചെയ്തത്.