ലണ്ടന്‍: ദിനോസറുകളുടെ ഇരുന്നൂറോളം കാല്‍പ്പാടുകള്‍ കണ്ടെത്തി ഗവേഷകര്‍. 16.6 കോടി വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്ന് കരുതുന്ന കാല്‍പ്പാടുകളാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ്ഷയറിലെ ക്വാറിയില്‍ കണ്ടെത്തിയത്. ബര്‍മിങ്ഹാം, ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ സംയുക്തമായി നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തല്‍. ക്വാറിയിലെ തൊഴിലാളിയായ ഗാരി ജോണ്‍സന്‍ ആണ് 2023ല്‍ അസാധാരണമായ ചില കുഴികളുള്ളതായി വിവരം നല്‍കിയത്.നിശ്ചിത വഴികളിലൂടെ ദിനോസറുകള്‍ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവാണ് കാല്‍പ്പാടുകള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ദിനോസര്‍ ഹൈവേ'കള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ദിനോസറുകളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ അഞ്ച് വഴികളാണ് കണ്ടെത്തിയത്. ഇതില്‍ നാലെണ്ണം നീളന്‍ കഴുത്തുള്ള ഹെര്‍ബിവോറസ് ദിനോസറുകള്‍ സഞ്ചരിച്ചിരുന്ന പാതയാണ്. അഞ്ചാമത്തേത് മെഗ്ലോസോഴ്സ് എന്ന വിഭാഗത്തില്‍പ്പെട്ട ദിനോസറുകളുടെ സഞ്ചാര പാതയാണ്.മൂന്ന് വിരലുകള്‍ മാത്രമുള്ള കാല്‍പാടുകള്‍ ആണ് അത്. വടക്കുകിഴക്കന്‍ ദിശയിലേക്ക് മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് ഇവ സഞ്ചരിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ 'ദിനോസര്‍ ഹൈവേ' കണ്ടെത്തിയ സ്ഥലമായി ഇത് മാറിയേക്കാമെന്ന് ഓക്സ്ഫഡ് മ്യൂസിയം ഓഫ് നാച്യുറല്‍ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞയായ ഇമ്മ നിക്കോളാസ് പറഞ്ഞു.