ലണ്ടന്‍: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനന്തരവളെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് സമ്മര്‍ദ്ദം. അഴിമതിവിരുദ്ധ മന്ത്രി ടുലിപ്പ് സിദ്ദിഖിനെ പുറത്താക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശിന്റെ ഇടക്കാല തലവന്‍ മുഹമ്മദ് യൂനുസ് രംഗത്തെത്തി.ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ടുലിപ്പ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ ആരോപണം. അവാമി ലീഗിലെ നേതാക്കള്‍ വിദേശ സ്വത്തുക്കള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നിന്ന് പണം തട്ടിയെടുത്തുവെന്നും യൂനുസ് ആരോപിച്ചിരുന്നു. ഇത്തരത്തില്‍ 2.1 മില്യണ്‍ പൗണ്ട് മൂല്യമുളള വസ്തു വകകള്‍ ടുലിപ്പും സ്വന്തമാക്കിയെന്നും അന്വേഷണം നടത്തണമെന്നും യുനൂസ് യുകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വടക്കന്‍ ലണ്ടന്‍ മണ്ഡലമായ ഹാംപ്സ്റ്റെഡ് ആന്‍ഡ് ഹൈഗേറ്റ് എംപിയാണ് ടുലിപ്പ് സിദ്ദിഖ്. ഹസീനയുടെ ഇളയ സഹോദരി ഷെയ്ഖ് രഹനയുടെ മകളാണ് . ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രി ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ടുലിപ്പിന്റെ മാതാവ് യുകെയില്‍ രാഷ്ട്രീയ അഭയം തേടിയത്. യുകെയിലാണ് ടുലിപ്പും സഹോദരങ്ങളും ജനിച്ചത്.ടുലിപ്പിന്റെ സഹോദരനും സഹോദരിയും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നുവെന്നുംമുഹമ്മദ് യൂനുസ് ആരോപിച്ചിരുന്നു.