ലണ്ടന്‍: ഭരണപക്ഷമായ ലേബര്‍ പാര്‍ട്ടിയെ ഇസ്ലാമിസം കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന ആരോപണവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. രാജ്യത്തെ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട 'ഗ്രൂമിങ് ഗ്യാങ് സംഘങ്ങളെ' കീഴ്‌പ്പെടുത്താന്‍ കഴിയാത്തത് ഇതിന്റെ ഭാഗമാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കൂടിയായ ലിസ് ട്രസ് പറഞ്ഞു.രാജ്യത്തെ മുസ്ലിം സ്വതന്ത്ര എംപിമാര്‍ ഇസ്ലാമിസ്റ്റുകളാണെന്നും ലിസ് ട്രസ് ആരോപിക്കുന്നു.ബ്രിട്ടന്റെ 56-ാം പ്രധാനമന്ത്രിയായി 2022 സെപ്റ്റംബര്‍ ആറിനാണ് ലിസ് ട്രസ് അധികാരമേറ്റത്. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേക്കും ശേഷം ഈ പദവിയിലെത്തുന്ന വനിതയായിരുന്നു ട്രസ്. ബോറിസ് ജോണ്‍സന്റെ രാജിയെത്തുടര്‍ന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാല്‍ അധികാരമേറ്റ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ്സിന് രാജിവെക്കേണ്ടി വന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ പീറ്റര്‍ മക്കോര്‍മാക്ക് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. മൂന്ന് ദിവസം കൊണ്ട് ഏകദേശം 300,000 കാഴ്ച്ചക്കാരാണ് വീഡിയോ നേടിയത്.'ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തിപ്രാപിച്ച ഇസ്ലാമിക ആശയങ്ങളാണ് കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് ഇസ്ലാമിസ്റ്റ് എംപിമാരാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ ഇടപെടലുകള്‍ കാരണം കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പൊലീസിന് ആകുന്നില്ല. പ്രാദേശിക കൗണ്‍സിലര്‍മാര്‍ അധികാരം ഉപയോഗിച്ച് സത്യങ്ങള്‍ മൂടിവെക്കുകയാണെന്നും ലിസ് ട്രസ്റ്റ് ആരോപിക്കുന്നു.അതേസമയം ട്രസ്റ്റിന്റെ ആരോപണങ്ങള്‍ തള്ളി സ്വതന്ത്ര എംപി ഷൗക്കത്ത് ആദം രംഗത്ത് എത്തി. ധ്രുവീകരിക്കപ്പെട്ട ലോകത്ത് പൊതുരംഗത്തുള്ളവര്‍ സംസാരത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംപിയായി തെരഞ്ഞെടുക്കപ്പെട്ട നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്. അവരാരും തങ്ങള്‍ ഇസ്ലാമിസ്റ്റാണെന്ന് വിശേഷിപ്പിച്ചിട്ടില്ല, പിന്നെ എങ്ങനെയാണ് ട്രസ്സിന് അതിന് കഴിയുകയെന്നും ആദം ചോദിച്ചു.