ലണ്ടന്‍: പാന്റില്ലാതെ ട്രെയിനിലോ ബസിലോ ഒക്കെ യാത്ര ചെയ്യുന്നത് സങ്കല്പിക്കാന്‍ സാധിക്കുമോ എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ കുറേയേറെ ആളുകള്‍ ട്രൗസറുകള്‍ ധരിക്കാതെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളില്‍ ഇങ്ങനെ യാത്ര ചെയ്തു. വര്‍ഷാവര്‍ഷം ആഘോഷിച്ച് വരുന്ന 'ഒഫീഷ്യല്‍ നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡി'(Official No Trousers Tube Ride) ന്റെ ഭാഗമായിട്ടാണ് ഇങ്ങനെ യാത്ര ചെയ്തത്. മുകള്‍ ഭാഗത്ത് നല്ല ഷര്‍ട്ടും സ്യൂട്ടും ടൈയും ഒക്കെ ധരിച്ചിരുന്നുവെങ്കിലും പാന്റിന് പകരം അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ആളുകള്‍ വാട്ടര്‍ലൂ സ്റ്റേഷനില്‍ തടിച്ചുകൂടി. അടിവസ്ത്രം മാത്രം ധരിച്ച് ആളുകള്‍ എസ്‌കലേറ്ററിലൂടെ നടക്കുകയും പ്ലാറ്റ്ഫോമില്‍ വച്ച് സെല്‍ഫി എടുക്കുകയും ട്രെയിനിനുള്ളില്‍ യാത്ര ചെയ്യുകയും ചെയ്തു.
അത് മാത്രമല്ല, പാന്റ് ധരിക്കാതെ ഇറങ്ങി നടക്കാനാവുന്ന ഈ ദിവസം അവര്‍ ഒട്ടും മോശമാക്കിയില്ല. വിവിധ വര്‍ണത്തിലും മോഡലുകളിലുമുള്ള അടിവസ്ത്രങ്ങളാണ് അവര്‍ തിരഞ്ഞെടുത്തത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുന്നതും ബഹളം വയ്ക്കുന്നതും എല്ലാം ഇവിടെ നിന്നും പുറത്ത് വന്ന ചിത്രങ്ങളിലും വീഡിയോകളിലും കാണാം. ഈ ദിവസത്തിന് അങ്ങനെ കാര്യമായ ലക്ഷ്യങ്ങളൊന്നുമില്ല. കൂടുതല്‍ ഗൗരവക്കാരായി ഇരിക്കാതെ ചുമ്മാ ചിരിച്ചും സന്തോഷിച്ചും കൂളായി ജീവിക്ക് എന്നത് തന്നെയാണ് ഈ ദിവസം കാണിക്കുന്നത്. നിരവധിപ്പേരാണ് അന്ന് പാന്റ് ധരിക്കാതെ അടിവസ്ത്രവും ഷര്‍ട്ടും ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ സാധാരണയായി ആചരിച്ചുവരുന്ന 'നോ പാന്റ്‌സ് സബ്‌വേ റൈഡി'ന്റെ (No Pants Subway Ride) മാതൃക സ്വീകരിച്ചാണ് ലണ്ടനിലും യുവാക്കള്‍ ഇങ്ങനെ പാന്റുകള്‍ ധരിക്കാതെ യാത്ര ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.