കൊച്ചി : നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബോബി ചെമ്മണൂരിന് കാക്കനാട് ജയിലില്‍ സഹായം നല്‍കാന്‍ ജയില്‍ ഡിഐജി പി അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് എത്തുകയായിരുന്നു. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ 'പവര്‍ ബ്രോക്കര്‍' ആണ്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ കണ്ടു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിഐജി എം കെ വിനോദ് കുമാര്‍ ഇന്നലെ ജില്ലാ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശപ്രകാരമാണ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിഐജിയെ ജയില്‍മേധാവി അന്വേഷണത്തിന് നിയോഗിച്ചത്.
അതേസമയം ബോബി ചെമ്മണൂരിനെ മറ്റു നാലുപേര്‍ക്കൊപ്പം ജയിലില്‍ സന്ദര്‍ശിച്ചുവെന്ന വിവാദത്തില്‍ ഡിഐജി അജയകുമാര്‍ നല്‍കിയ വിശദീകരണം ജയില്‍ മേധാവി തള്ളി. വിരമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാന്‍ പോയെന്നും, ഒപ്പമുണ്ടായിരുന്നത് ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ ബന്ധുക്കള്‍ ആയിരുന്നു എന്നുമുള്ള വിശദീകരണമാണ് തള്ളിയത്. കഴിഞ്ഞ 10 നാണ് ഡിഐജിയും സംഘവും കാക്കനാട് ജയിലിലെത്തി സന്ദര്‍ശിച്ചത്. സൂപ്രണ്ടിന്റെ മുറിയില്‍ ബോബിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവാദ കൂടിക്കാഴ്ചയില്‍ ഇന്നലെ നടന്ന ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ഡിഐജി പി അജയകുമാറിനെ ജയില്‍മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ ശാസിച്ചു. ഔദ്യോഗിക യാത്ര ആയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട്?. സ്വകാര്യ വാഹനത്തില്‍ എന്തിനു പോയി?. സ്വകാര്യ വാഹനത്തില്‍ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്നും ചോദിച്ചു. വിരമിച്ച ഉദ്യോഗസ്ഥന്‍ ജയിലില്‍ ബഹളം ഉണ്ടാക്കി എന്നറിഞ്ഞാണ് പോയതെങ്കില്‍ അക്കാര്യം എന്തുകൊണ്ട് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ജയില്‍ മേധാവി ആരാഞ്ഞു.