കോഴിക്കോട് താമരശ്ശേരി വേനക്കാവില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ മകന്റെ മൊഴി പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷ താന്‍ നടപ്പാക്കി എന്നാണ് മകന്‍ ആഷിഖ് പറഞ്ഞത്. നാട്ടുകാര്‍ പിടികൂടി ആഷിഖിനെ പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ആയിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോള്‍. ലഹരിക്കടിമയായതിനാല്‍ ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹമിപ്പോള്‍.
അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകന്‍ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. |