തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശ്രദ്ധയൂന്നണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍ദേശിച്ച 63 മണ്ഡലങ്ങള്‍ ഏതൊക്കെയെന്നതില്‍ വ്യക്തതയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. 63 മണ്ഡലങ്ങളില്‍ രഹസ്യ സര്‍വേ നടത്തിയോ എന്നൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും, വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നുമാണ് സതീശന്‍ ക്യാമ്പ് പറയുന്നത്.
കഴിഞ്ഞദിവസം നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് വി ഡി സതീശന്‍ 63 മണ്ഡലങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം പൂര്‍ത്തിയാക്കാന്‍ സതീശന് കഴിഞ്ഞില്ല. പിന്നീട് ഇതേപ്പറ്റി നേതാക്കളോട് വിശദീകരിക്കാന്‍ വിഡി സതീശന്‍ തയ്യാറായതുമില്ല. സര്‍വേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കാണ് യോഗത്തില്‍ സതീശന്‍ അവതരിപ്പിച്ചതെന്നാണ് സൂചന.
കെപിസിസി അറിയാതെ ഇത്തരമൊരു സര്‍വേ നടത്താന്‍ ആരു ചുമതലപ്പെടുത്തി എന്ന് മുന്‍മന്ത്രി എ പി അനില്‍കുമാര്‍ ചോദിച്ചതോടെയാണ് വിഷയം വലിയ ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ചര്‍ച്ചയുണ്ടായെന്നും അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 93 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 21 സീറ്റില്‍ വിജയിച്ചു. ഇവ ഏതു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങളാണെന്നാണ് വിലയിരുത്തല്‍.
ഇതിനു പുറമെ, കോണ്‍ഗ്രസിന് ശ്രമിച്ചാല്‍ വിജയം ഉറപ്പാക്കാനാവുന്ന 42 സീറ്റുകളെക്കുറിച്ചാണ് സതീശന്റെ റിപ്പോര്‍ട്ടിലുള്ളത്. ഈ മണ്ഡലങ്ങളുടെ ചുമതല ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് സതീശന്‍ മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയകാര്യസമിതിയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ സാധിക്കാത്തതില്‍ വിഡി സതീശന്‍ കടുത്ത അതൃപ്തിയിലാണ്. രാഷ്ട്രീയകാര്യസമിതിയില്‍ അല്ലെങ്കില്‍ പിന്നെ എവിടെ ആശയം പങ്കുവെയ്ക്കുമെന്നാണ് സതീശന്‍ ചോദിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പ് പദ്ധതി തീരുമാനിക്കുന്നതാണ് എതിര്‍പക്ഷം എതിര്‍ക്കുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് മത്സരിക്കുന്ന 63 സീറ്റുകള്‍ക്ക് പുറത്തുള്ളവ വിജയസാധ്യതയില്ലാത്തതെന്ന് തുറന്നു സമ്മതിക്കുന്നത് ഈ മണ്ഡലങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലേയെന്നും എതിര്‍പക്ഷം ചോദിക്കുന്നു.
അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റിയാല്‍ പകരം നിയമിക്കേണ്ട ആറുപേരുടെ പേരുകള്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലു തയ്യാറാക്കിയതായാണ് സൂചന. എന്നാല്‍ ആ ആറുപേരുകളെ സംസ്ഥാനത്തെ നേതാക്കള്‍ എത്രപേരെ പിന്തുണയ്ക്കുന്നു എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പരിശോധിച്ചു വരികയാണ്. നേതൃമാറ്റം ഉണ്ടായാല്‍ കെ സുധാകരനെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം നടപ്പാക്കേണ്ടത്. പകരം നേതാവിനെ സംസ്ഥാന നേതാക്കള്‍ തീരുമാനിക്കട്ടെ എന്നതാണ് നിലവില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കനഗോലുവിന്റെ ടീം നാലുഘട്ടമായിട്ടുള്ള സര്‍വേയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.