Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=109.0275 INR  1 EURO=90.9422 INR
ukmalayalampathram.com
Sun 16th Feb 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാട് ഉരുള്‍പൊട്ടല്‍: ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 712. 91 കോടി
reporter

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വീടുകള്‍ വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരുടെ യോഗം ഇതിനകം വിളിച്ചു ചേര്‍ത്തു. നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മാതൃക യോഗത്തില്‍ അവതരിപ്പിച്ചു. പുനരധിവാസ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും സ്പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനരധിവാസത്തിനായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്പോണ്‍സര്‍ഷിപ്പ് ഫ്രെയിംവര്‍ക്കിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് പ്രകാരം ലഭിക്കുന്ന തുകയ്ക്കായി ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കിഫ്കോണിനെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് എംപ്ലോയര്‍ പ്രതിനിധിയായി നിയമിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ എഞ്ചിനീയറിങ് പ്രക്യുവര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ കരാറുകാരായി നിയമിച്ചിട്ടുണ്ട്. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഒരു നില കൂടി നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാകും വീടിന്റെ അടിത്തറ നിര്‍മ്മിക്കുക. ടൗണ്‍ഷിപ്പില്‍ അംഗന്‍വാടി, പോസ്റ്റ് ഓഫീസ്, ആശുപത്രി, മാലിന്യ സംസ്‌കരണ സംവിധാനം, കമ്യൂമിറ്റി ഹബ്, പാര്‍ക്ക്, മറ്റ് സാമൂഹ്യ പശ്ചാത്തലങ്ങള്‍ എന്നിവ അടങ്ങുന്ന സമഗ്ര പുനരധിവാസ പദ്ധതിയാണ് നടപ്പാക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി സ്പെഷല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ട ലിസ്റ്റിലും വാസയോഗ്യമല്ലാതായിത്തീര്‍ന്ന സ്ഥലങ്ങളിലും ഉള്‍പ്പെടുന്ന കുടുംബങ്ങളെ രണ്ടാംഘട്ട ലിസ്റ്റിലും ഉള്‍പ്പെടുത്തി ഒരുമിച്ച് പുനരധിവാസം നടപ്പാക്കും. നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് പുനര്‍നിര്‍മാണ സമിതി, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രമുഖ സ്പോണ്‍സര്‍മാരും അടങ്ങുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഏകോപന സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window