സോഫ്ട് വെയര്‍ എഞ്ചിനീയര്‍ ലഹരി കടത്തു കേസില്‍ പിടിയില്‍. കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും വന്‍തോതില്‍ രാസലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍ രവീഷ് കുമാറിനെ(28) ആണ് അറസ്റ്റിലായത്. മാനന്തവാടിയില്‍ വച്ച് തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് തന്ത്രപരമായി പിടികൂടുകയായിരുന്നു.
സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് രവീഷ് ലഹരിക്കടത്ത് തുടങ്ങിയത്. കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഈ സംഘം വ്യാപകമായി ലഹരിയെത്തിച്ചിരുന്നു.
ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലെ പ്രാവീണ്യവും സംസാരിച്ച് ആരെയും വീഴ്ത്താനുള്ള കഴിവും വളരെ വേഗത്തില്‍ സംഘത്തിലെ പ്രധാനിയായി മാറാന്‍ രവീഷിനെ സഹായിച്ചു. ലഹരി സംഘങ്ങള്‍ക്കിടയില്‍ 'ഡ്രോപ്പെഷ്', 'ഒറ്റന്‍' എന്നീ പെരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.
ലഹരിമരുന്നു സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും രവീഷ് പുതിയ വഴികളാണ് പരീക്ഷിച്ചു വന്നിരുന്നത്. മുന്‍പ് എംഡിഎംഎ കേസില്‍ മടിക്കേരി ജയിലില്‍ കഴിഞ്ഞ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും ലഹരിക്കടത്തു തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. |