ലണ്ടന്‍: എയര്‍ ഇന്ത്യയുടെ കൊച്ചി - ലണ്ടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന 'സിയാല്‍' (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) അറിയിപ്പിന് നിറഞ്ഞ കയ്യടി. സര്‍വീസ് പുനരാരംഭിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും യുകെയിലെ വിവിധ സംഘടനകള്‍ക്കും യുകെ മലയാളികളുടെ അഭിനന്ദനങ്ങള്‍ തുടരുകയാണ്. യുകെ മലയാളികളുടെ ഉള്‍പ്പടെ വിവിധ സമൂഹങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സിയാല്‍ പ്രതിനിധികള്‍ എയര്‍ ഇന്ത്യ അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. കൊച്ചിയില്‍ നിന്ന് യുകെയിലേക്കുള്ള ഏക വിമാന സര്‍വീസ് മാര്‍ച്ച് 30 ന് ശേഷം ഉണ്ടാകില്ലെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് വ്യാപകപായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ ചര്‍ച്ച നടത്തിയത്.
കേരളത്തില്‍ നിന്നുള്ള ഏക യൂറോപ്യന്‍ സര്‍വീസായ എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ സര്‍വീസ് മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ വിവിധ കോണുകളില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ബ്രിട്ടിഷ് എയര്‍വേയ്‌സ് ഉള്‍പ്പടെയുള്ള കമ്പനികളുമായി ചര്‍ച്ച നടത്തി പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കുള്ളനീക്കങ്ങള്‍ കൊച്ചി - ലണ്ടന്‍ സര്‍വീസ് ഇല്ലാതാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും യുകെയിലെ വിവിധ മലയാളി സംഘടനകളുടെയും കേരളത്തിലെ വിവിധ ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടല്‍ മൂലം എയര്‍ ഇന്ത്യയുമായി സംസാരിക്കാന്‍ സിയാല്‍ അധികൃതരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിനെ തുടര്‍ന്ന് സാങ്കേതിക അനുമതിയ്ക്ക് ശേഷം മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.
വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചുവെന്നും എയര്‍ ഇന്ത്യയുടെ സര്‍വീസ് നടത്തിയിരുന്ന ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തിന് വാര്‍ഷിക അറ്റകുറ്റപ്പണി മൂലമാണ് സര്‍വീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായതെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞതായി സിയാല്‍ അധികൃതര്‍ വിശദീകരിച്ചു. സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പാക്കേജ് നിര്‍ദേശങ്ങള്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ് എയര്‍ ഇന്ത്യ ഗ്രൂപ്പ് ഹെഡ് പി.ബാലാജിക്ക് നല്‍കി. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു ചര്‍ച്ചയില്‍ പങ്കെടുത്തു. മാര്‍ച്ചിന് ശേഷമുള്ള സമ്മര്‍ ഷെഡ്യൂളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യുകെ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലെ ഗാട്വിക്ക് എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ഇന്ത്യ സര്‍വീസ് നിര്‍ത്തലാക്കുന്നുവെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സര്‍വീസ്. എക്കോണമി ക്ലാസില്‍ 238 സീറ്റുകളും ബിസിനസ് ക്ലാസില്‍ 18 സീറ്റുകളുമാണ് സര്‍വീസില്‍ ഉണ്ടായിരുന്നത്. എക്കോണമി ക്ലാസില്‍ എല്ലാ സര്‍വീസിലും നിറയെ യാത്രക്കാരുണ്ടാകും. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്ന് യുകെയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്.
തുടക്കത്തില്‍ ആഴ്ചയില്‍ ഒരെണ്ണമായിരുന്നു സര്‍വീസ്. എന്നാല്‍ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സര്‍വീസ് ആഴ്ചയില്‍ രണ്ടായും പിന്നീട് മൂന്നായും ഉയര്‍ത്തുകയായിരുന്നു. കുട്ടികളും ജോലി ചെയ്യുന്നവരും കുടുംബസമേതം താമസിക്കുന്നവരുമായി ഒട്ടേറെ മലയാളികളാണ് ലണ്ടനില്‍ നിന്നും ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. എറണാകുളം എംപി ഹൈബി ഈഡന്‍ സര്‍വീസ് നിര്‍ത്തലാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മന്ത്രി പി. രാജീവ്, കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ. സി. വേണുഗോപാല്‍, കെ. സുധാകരന്‍, പ്രിയങ്ക ഗാന്ധി, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എം. കെ. രാഘവന്‍ എന്നിവരും തങ്ങളുടേതായ നിലയില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. സര്‍വീസ് നിര്‍ത്തുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് യുകെയിലെ ലോകകേരള സഭയുടെ 16 അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
യുകെയിലെ പ്രാദേശിക മലയാളി സംഘടനകളുടെ അസോസിയേഷനായ യുക്മ, ഒഐസിസി യുകെ, കൈരളി യുകെ, പ്രവാസി ലീഗല്‍ സെല്‍, ഐഒസി യുകെ, യുകെ പ്രവാസി കേരള കോണ്‍ഗ്രസ്-എം എന്നിവ ഉള്‍പ്പടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ബന്ധപ്പെട്ട വകുപ്പുകളില്‍ നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. യുകെ വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍, യുകെയില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ്, യുകെ എംപി യാസ്മിന്‍ ഖുറേഷി എന്നിവര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും തങ്ങളൂടേതായ നിലയില്‍ യാത്രാക്ലേശം പരിഹരിക്കുവാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ക്കായി നീക്കങ്ങള്‍ നടത്തിയിരുന്നു.