ലണ്ടന്‍: മോര്‍ഗേജുള്ളവര്‍ക്കും വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമായി പലിശനിരക്കില്‍ ഇളവ്. നിലവില്‍ 4.75 ശതമാനമായിരുന്ന പലിശനിരക്ക് 4.5 ശതമാനമായാണ് കുറച്ചത്. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്. ഇന്നലെ ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനം എടുത്തത്. ഇതിനു മുന്‍പ് നടന്ന രണ്ടു യോഗങ്ങളില്‍ കമ്മിറ്റി പലിശ നിരക്ക് അതേപടി നിലനിര്‍ത്താനായിരുന്നു തീരുമാനിച്ചത്.
ഒട്ടേറെ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ആശ്വാസകരമായ ഈ തീരുമാനം ഇക്കുറി ബാങ്ക് കൈക്കൊണ്ടത്. വരും മാസങ്ങളില്‍ ഇനിയും പലിശനിരക്ക് കുറഞ്ഞേക്കുമെന്ന ശുഭസൂചന നല്‍കുന്ന തീരുമാനമാണിത്. തുടര്‍ച്ചയായ മൂന്നാം വട്ടവും കാല്‍ ശതമാനത്തിന്റെ കുറവുണ്ടായതു മൂലം മോര്‍ഗേജ് തിരിച്ചടവിലും മറ്റും കാര്യമായ കുറവ് അനുഭവപ്പെടും. പുതിയ മോര്‍ഗേജുകളുടെയും റീ മോര്‍ഗേജുകളുടെയും ട്രെന്‍ഡ് നിശ്ചയിക്കാന്‍ ഈ തീരുമാനം ഉപകരിക്കും. പലിശ നിരക്കില്‍ കുത്തനെയുള്ള കുറവ് വരും മാസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍