ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്യാസവുമായി 'വടക്കന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ 'വടക്കന്‍' മാര്‍ച്ച് ഏഴിനാണ് തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ഒരു ദ്വീപില്‍ നടക്കുന്ന ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Watch video Trailer: -
ബോംബെ മലയാളിയായ സജീദ് എ. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മലയാള സിനിമയിലെ ആദ്യത്തെ തന്നെ ഓഡിയോ ട്രെയ്ലര്‍ ലോഞ്ച് അടുത്തിടെ നടന്നിരുന്നത് ഏറെ ശ്രദ്ധ കവര്‍ന്നിരുന്നു. സിനിമയിലെ വ്യത്യസ്തമായ ഗാനമായ 'കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം...' എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ഇപ്പോഴിതാ ട്രെയ്ലറും നിഗൂഢമായ ഒരു സ്ഥലത്തെ പാരാനോര്‍മല്‍ ആക്ടിവിറ്റികളും തുടര്‍സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ്. ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡെല്‍ സിനിമ ഡി സലേര്‍നോ 2024 (78-ാമത് സലേര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) യില്‍ ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍, ഇന്‍വൈറ്റ് ഒണ്‍ലി മാര്‍ക്കറ്റ് പ്രീമിയര്‍ ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ ഈ വര്‍ഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആര്‍. എന്നിവര്‍ അണിയറയില്‍ ഒരുമിക്കുന്ന 'വടക്കന്‍' ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി 'വടക്കന്‍' ചരിത്രം രചിച്ചിരുന്നു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു 'വടക്കന്‍'.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കന്‍' ഒരുക്കിയിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും 'വടക്കന്‍' എന്നാണ് നിര്‍മ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ എന്നിവരുടെ ആത്മവിശ്വാസം.