പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ബിഎല്‍എ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് ആയുധധാരികള്‍ കൈയടക്കിയത്. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് ബിഎല്‍എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. |