ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഡ് ഡെലിവറി ഏജന്റും ബൈക്ക് ടാക്‌സി ഡ്രൈവറുമായ സുനില്‍ കുമാര്‍ ജെന്‍വര്‍ (24) എന്നയാളെയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീദാസന്‍ എം വി, എ എസ് ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാരായണന്‍, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി ബാങ്കില്‍ നല്‍കിയ രാജസ്ഥാനിലെ വിലാസത്തില്‍ എത്തിയപ്പോള്‍ പ്രതി താമസം മാറിയതായി മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഭഗത് കി കോതി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെക്ടര്‍ അഞ്ചില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി.
വാടകവീട് തേടിപ്പിടിച്ച് അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് അയല്‍വാസികളോടും മറ്റും അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന് സുഖമില്ലാത്തതിനാല്‍ ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ജോധ്പൂരിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ അച്ഛന്‍ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എംഡിഎം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മനസ്സിലായി. |