സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഓണറേറിയം ഉള്‍പ്പെടെ ഒരാവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. മുന്‍നിശ്ചയിച്ചപ്രകാരം വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.
സര്‍ക്കാരിന് പണമില്ലെന്നും സമയം കൊടുക്കണമെന്നും എന്‍എച്ച്എം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. 62 വയസ് വിരമിക്കല്‍ ഉത്തരവ് മരവിപ്പിച്ചതായി ആവര്‍ത്തിച്ചു. ഉത്തരവ് നിലനില്‍ക്കുന്നതായി എന്‍എച്ച്എം തന്നെ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ല. ശുഭപ്രതീക്ഷയോടെയാണ് ചര്‍ച്ചയ്ക്ക് വന്നതെന്ന് വിതുമ്പിക്കൊണ്ട് ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു. |