മൈസൂര്‍ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റുള്ള പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ വിധി പറഞ്ഞത്.
2019 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സൂരു സ്വദേശി ഷാബാ ഷെരീഫിനെ മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം തട്ടിക്കൊണ്ടു വന്നു ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിച്ചില്ല.
മൃതദേഹമോ മൃതദേഹ അവശിഷ്ടങ്ങളോ ഒന്നും ലഭിക്കാത്ത കേസില്‍ നിര്‍ണായകമായത് ശാസ്ത്രീയ പരിശോധന ഫലങ്ങളാണ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസ് ആണ് ഷാബാ ഷെരീഫ് കേസ്. |