Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.6751 INR  1 EURO=97.3805 INR
ukmalayalampathram.com
Sat 26th Apr 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയിലേക്ക് അവസരം: 250 ഒഴിവുകള്‍: നോര്‍ക്ക ഇന്റര്‍വ്യൂ എറണാകുളത്തും തിരുവനന്തപുരത്തും
Text By: UK Malayalam Pathram
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്.

ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ ജര്‍മ്മന്‍ ഭാഷയില്‍ എ2 അല്ലെങ്കില്‍ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
 
Other News in this category

 
 




 
Close Window