ലണ്ടന്‍: സ്‌നിക്കേഴ്‌സ് തീമുള്ള ഒരു ശവപ്പെട്ടിയില്‍ തന്നെ സംസ്‌കരിക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങള്‍. കെയര്‍ അസിസ്റ്റന്റായ പോള്‍ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങള്‍ സാധിച്ചു നല്‍കിയത്. വര്‍ഷങ്ങളായി സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ഒരു ശവപ്പെട്ടിയില്‍ തന്റെ മരണശേഷം തന്നെ സംസ്‌കരിക്കണമെന്ന് ഇദ്ദേഹം തമാശയായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുമായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് തമാശയായാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം അത് തന്റെ വില്‍പത്രത്തില്‍ ഒരു ഔദ്യോഗിക അഭ്യര്‍ത്ഥനയായി നല്‍കിയിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പോള്‍ ബ്രൂമിന്റെ അന്ത്യാഭിലാഷം എന്ന രീതിയിലാണ് ആ ആഗ്രഹം നടപ്പിലാക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
പകുതി പൊളിച്ച സ്‌നിക്കേഴ്‌സ് ബാര്‍ പോലെ തോന്നിപ്പിക്കുന്ന ഒരു ശവപ്പെട്ടിയാണ് പോള്‍ ബ്രൂമിന്റെ കുടുംബം അദ്ദേഹത്തിന്റെ അന്ത്യവിശ്രമത്തിനായി ഒരുക്കിയത്. അതിന്റെ ഒരു ഭാഗത്ത് അയാം നട്ട്‌സ് എന്നും അവര്‍ എഴുതിയിരുന്നു. ജീവിതത്തില്‍ ഏറെ നര്‍മ്മബോധമുള്ള വ്യക്തിയായിരുന്നു പോള്‍ എന്നും മരണത്തിലും അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വം പ്രകടിപ്പിച്ചു എന്നുമാണ് പോളിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ഭ്രാന്തമായി തോന്നാമെങ്കിലും പോളിനോടുള്ള തങ്ങളുടെ സ്‌നേഹത്തെ പ്രതി അദ്ദേഹത്തിന്റെ ഈ ഭ്രാന്തമായ ആഗ്രഹം തങ്ങള്‍ക്ക് തള്ളിക്കളയാന്‍ ആകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൗത്ത് ലണ്ടനില്‍ നിന്നുള്ള ബ്രൂം ഫുട്‌ബോള്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നതിനാല്‍, ശവപ്പെട്ടിയില്‍ ക്രിസ്റ്റല്‍ പാലസ് എഫ്സിയുടെ ലോഗോയും ഉള്‍പ്പെടുത്തിയിരുന്നു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഏറെ വികാരനിര്‍ഭരമായാണ് പോളിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന് വിട നല്‍കിയത്. ബ്രിട്ടനില്‍ സമീപകാലത്തായി മരണപ്പെടുന്നവരുടെ അന്ത്യാ അഭിലാഷങ്ങള്‍ക്ക് അനുസരിച്ച് പാരമ്പര്യേതര ശവസംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടുന്നത് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.