ലണ്ടന്‍: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുമായി ഏറ്റുമുട്ടാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് വാനരന്മാര്‍. ഇത്തരം ഏറ്റുമുട്ടലുകളുടെ നിരവധി വാര്‍ത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തു വരാറുണ്ട്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തായ്ലന്‍ഡിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് ഒരുകൂട്ടം കുരങ്ങന്മാര്‍ ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ എത്തുകയായിരുന്നു. സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കെയ്ന്‍ സ്മിത്ത് എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് തായ്ലന്‍ഡിലെ തന്റെ അവധിക്കാല ആഘോഷത്തിനിടയില്‍ ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്. സ്വിമ്മിംഗ് പൂളില്‍ ആസ്വദിച്ച് കുളിക്കുന്നതിനിടയിലാണ് കെയ്ന്‍ ആ കാഴ്ച കണ്ടത്. ചുറ്റുമതില്‍ ചാടിക്കടന്ന് തന്നെ ലക്ഷ്യമാക്കി ഒരു കുരങ്ങന്‍ വരുന്നു. ആദ്യം അമ്പരന്നു പോയ അദ്ദേഹം പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആ കുരങ്ങനു പിന്നാലെ ഒരു കൂട്ടം കുരങ്ങന്മാര്‍ അദ്ദേഹം കുളിച്ചു കൊണ്ടിരുന്ന പൂളിനെ ലക്ഷ്യമാക്കി എത്തി. ഭയന്നുപോയ കെയ്ന്‍ രക്ഷപ്പെടാനായി പൂളിന്റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാര്‍ നിറഞ്ഞിരുന്നു. അവയില്‍ ചിലത് അദ്ദേഹത്തിന്റെ കരയില്‍ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം. പെട്ടെന്ന് അക്രമണകാരികളായി തീര്‍ന്ന കുരങ്ങന്മാര്‍ അദ്ദേഹത്തെ ആക്രമിക്കാനായി വളയുന്നു. അവയില്‍ നിന്നും ഒടുവില്‍ അദ്ദേഹം ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ ഭയാനകം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഭൂരിഭാഗവും കുറിച്ചത്.