ലണ്ടന്‍: നമ്മുടെ തീരുമാനങ്ങളില്‍ ഉണ്ടാക്കുന്ന ചെറിയ പാളിച്ചകള്‍ക്ക് പോലും പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരും. അത്തരത്തിലൊരു ദുരവസ്ഥയിലൂടെയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള സാറ ബീനി എന്ന സ്ത്രീ ഇപ്പോള്‍ കടന്ന് പോകുന്നത്. 33 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തന്റെ കൊട്ടാര തുല്യമായ വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചു നീക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ ഇവര്‍. സമ്പന്നര്‍ ജീവിക്കുന്ന സോമര്‍സെറ്റ് കൗണ്ടിയിലാണ് ഇവര്‍ വീട് നിര്‍മ്മിച്ചത്. പ്രശസ്ത ബ്രിട്ടീഷ് ടിവി പരമ്പരയായ ഡൗണ്‍ടണ്‍ ആബിയില്‍ അവതരിപ്പിച്ച വീടിനോട് സാമ്യമുള്ളതിനാല്‍ 'മിനി-ഡൗണ്‍ടണ്‍ ആബി' എന്നും ഈ ആഡംബര കൊട്ടാരത്തിന് വിശേഷണമുണ്ട്.
പരമ്പരാഗത ജോര്‍ജിയന്‍ ശൈലിയിലാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 220 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വീട്ടില്‍ നിരവധി കിടപ്പുമുറികള്‍, കുളിമുറികള്‍, ഒരു വലിയ അടുക്കള, ഒരു സ്വീകരണമുറി, ഒരു ലൈബ്രറി എന്നിവയുണ്ട്. പുറത്ത് മനോഹരമായ ഒരു പൂന്തോട്ടവും തുറസ്സായ വിശ്രമ സ്ഥലവുമുണ്ട്. അപൂര്‍വമായ പുരാവസ്തുക്കളും ആധുനിക ശൈലിയിലുള്ള ഇന്റീരിയര്‍ ഡിസൈനും കൊണ്ട് സമ്പന്നമായ വീട് ബീനിയും ഭര്‍ത്താവും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തതും.
എന്നാല്‍, ഡൗണ്‍ടണ്‍ ആബിയിലെ വീടിന് സമാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി അനുമതിയില്ലാതെ അനധികൃതമായി വീട് വിപുലീകരിച്ചിരുന്നു. ഇകിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. 1970 -കളിലെ ഫാം ഹൗസും അതിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും പൊളിച്ച് മാറ്റാമെന്ന വ്യവസ്ഥയിലാണ് വീടിന്റെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ അനുമതികള്‍ നല്‍കിയിരുന്നത്. എന്നാല്‍, വീട് നിര്‍മ്മാണത്തില്‍ അത് ലംഘിക്കപ്പെടുകയായിരുന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതിയത് അംഗീകരിച്ചില്ല. വീട് പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.