കൊച്ചി: കേരളത്തില്‍ ഒരു വാഴ വിപ്ലവം തന്നെ നടന്നാലോ! വാഴ വൈവിധ്യങ്ങള്‍ പരീക്ഷിച്ചും പരിപോഷിപ്പിച്ചും സംരക്ഷിച്ചും നടക്കുന്നവരുടെ കൂട്ടായ്മ. ഫെയ്‌സ്ബുക്കില്‍ വാഴ പ്രേമികളുടെ ഒരു കൂട്ടായ്മയുണ്ട്. വാഴഗ്രാമം എന്നാണ് ആ പേജിന്റെ പേര്. തിരുവനന്തപുരം പാറശാല സ്വദേശിയായ വിനോദ് എസ് ആണ് ഈ ഗ്രൂപ്പ് തുടങ്ങിയത്. വാഴ ചേട്ടന്‍ എന്നാണ് വിനോദ് അറിയപ്പെടുന്നതു തന്നെ. നിരവധി വാഴ വൈവിധ്യങ്ങള്‍ കൃഷി ചെയ്യുന്നവരടക്കമുള്ള 17,000ത്തിനു മുകളില്‍ അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോകത്തിലെ വിവിധയിടങ്ങളിലുള്ളവര്‍ ഗ്രൂപ്പിലുണ്ട്. വാഴ കൃഷി ഇന്ന് പലരും കൂടുതലായി പരീക്ഷിക്കുന്നുണ്ട്. അമൂല്യമായ ഔഷധ ഗുണങ്ങളടക്കമുള്ള പ്രാദേശിക വാഴപ്പഴങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടായ്മ ഓര്‍മപ്പെടുത്തുന്നു. 12 വയസില്‍ തുടങ്ങിയതാണ് താന്‍ വാഴ കൃഷിയെന്നു വിനോദ് പറയുന്നു. 'തുടക്കത്തില്‍ വാഴപ്പഴത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അതു സംരക്ഷിക്കാനുള്ള ആഗ്രഹവുമാണ് കൃഷിയിലേക്ക് നയിച്ചത്. ചിക്കന്‍പോക്‌സിനുള്ള പ്രതിവിധി എന്ന നിലയില്‍ പേരെടുത്ത ചിങ്ങന്‍ പഴത്തിനായുള്ള തിരച്ചില്‍ താത്പര്യം കൂട്ടി. കുറേക്കൂടി ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അനേകം വൈവിധ്യങ്ങള്‍ വാഴയിലുണ്ടെന്നു കണ്ടെത്തി. ഓരോന്നിനും അപാര ഗുണങ്ങളുമുണ്ട്.'
ഇന്ന് നാലേക്കറുള്ള കൃഷിയിടത്തില്‍ വിനോദ് 600ലധികം ഇനം വാഴകള്‍ കൃഷി ചെയ്യുന്നു. എല്ലായിടങ്ങളിലും വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗ്രൂപ്പിനു പിന്നിലെ പ്രചോദനമെന്നു വിനോദ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പേജ് ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ ആശയങ്ങളും അറിവുകളും കൂടുതലായി പങ്കിടുന്നു. വംശ നാശത്തിലേക്കു പോകുന്ന വാഴ ഇനങ്ങള്‍ തിരിച്ചറിയുന്നതിലും സംരക്ഷിക്കുന്നതിലും കൂട്ടായ്മ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. 'തിരുവന്തപുരം, കന്യാകുമാരി ജില്ലകള്‍ ഒരുകാലത്ത് വാഴ കൃഷിയുടെ പ്രധാന മേഖലകളായിരുന്നു. വാഴഗ്രാമം വാഴപ്പഴത്തോട് അഭിനിവേശമുള്ളവരുടെ ഒരു സജീവ കൂട്ടായ്മയാണ്. കേരളത്തില്‍ നമുക്ക് വിരലിലെണ്ണാവുന്ന ഇനങ്ങള്‍ മാത്രമേ പരിചയമുള്ളൂ. പക്ഷേ രുചികരവും പോഷകസമൃദ്ധവും ആരോഗ്യകരവുമായ നൂറുകണക്കിന് ഇനങ്ങള്‍ വേറെയുമുണ്ട്'- വയനാട്ടില്‍ നിന്നുള്ള വാഴ കര്‍ഷകനായ നിശാന്ത് എംകെ പറയുന്നു.
നിശാന്ത് തന്റെ കൃഷിയിടത്തില്‍ 300ലധികം ഇനങ്ങള്‍ കൃഷി ചെയ്യുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ 'ഗ്രാന്ത പച്ച', പത്തനംതിട്ട മേഖലയില്‍ കാണപ്പെടുന്ന കുട്ടികള്‍ക്ക് ഗുണകരമായ ഔഷധ ഗുണങ്ങള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്ന 'കരിങ്കടലി' തുടങ്ങിയ അപൂര്‍വ ഇനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നിശാന്ത് എടുത്തു പറഞ്ഞു. സമഗ്രമായ ഡാറ്റബേസ് സൃഷ്ടിച്ച് വിവിധ വാഴ ഇനങ്ങള്‍ രേഖപ്പെടുത്തുന്നതു ഉള്‍പ്പെടെയുള്ള ഭാവി ശ്രമങ്ങളുടെ ആവശ്യകത നിഷാന്ത് എടുത്തു പറഞ്ഞു. സാമൂഹിക കൂട്ടായ്മയാണിത്. എന്നാല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ മുന്നേറ്റം വേണമെന്നാണ് നിഷാന്ത് പറയുന്നത്. കൂട്ടായ്മ വിത്തുത്സവങ്ങള്‍ നടത്താറുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി. ചെറിയ ജീവിതചക്രമാണ് വാഴപ്പഴത്തിനു. പോഷക സമൃദ്ധവും സാമ്പത്തിക അഭിവൃദ്ധിക്കു ഉതകുന്നതുമായ വാഴ സുസ്ഥിര വികസനത്തിനും അനുയോജ്യമായ വിളയാണെന്നും നിശാന്ത് കൂട്ടിച്ചേര്‍ത്തു. തെക്കു കിഴക്കന്‍ ഏഷ്യയിലെ ഈര്‍പ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാഴപ്പഴം ഉത്ഭവിച്ചത്. ഇന്ത്യ അതിന്റെ പ്രാഥമിക ഉത്ഭവ കേന്ദ്രങ്ങളിലൊന്നാണ്. തെക്കു കിഴക്കന്‍ ഏഷ്യയിലെ മഴക്കാടുകളില്‍ ആദ്യമായി കണ്ടെത്തിയ മുസ അക്യുമിനേറ്റ, മുസ ബാല്‍ബിസിയാന എന്നീ രണ്ട് ഇനങ്ങളില്‍ നിന്നു അവയുടെ സ്വാഭാവിക സങ്കരയിനങ്ങളില്‍ നിന്നുമാണ് ആധുനിക ഭക്ഷ്യയോഗ്യമായ ഇനങ്ങള്‍ പരിണമിച്ചത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം വാഴപ്പഴ ഉത്പാദനം ഏകദേശം 86 ദശലക്ഷം ടണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 14.2 ദശലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദനം ഇന്ത്യയിലുണ്ട്.