ലണ്ടന്‍: യുകെയില്‍ പതിമൂന്നുകാരിയായ മലയാളി പെണ്‍കുട്ടി റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസില്‍ സൈക്കിള്‍ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തില്‍ ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണാന്‍ അവസരം ഒരുക്കിയതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൊച്ചിയിലെ തിരക്കിനിടയില്‍ സൈക്കിള്‍ പഠിപ്പിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം യുകെയില്‍ എത്തിയപ്പോള്‍ മകള്‍ നിയ വിമാനം പറത്തിയതിലൂടെ ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെര്‍ണാര്‍ഡ് തന്റെ മകന്‍ ആര്‍എഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്കും പ്രചോദനമായത്. ബെര്‍ണാര്‍ഡ് നല്‍കിയ വിവരത്തെ തുടര്‍ന്ന് ആര്‍എഎഫിന്റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത നിയക്ക് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍ കേഡറ്റായി ചേരാന്‍ അവസരം ലഭിച്ചു.
എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞുവന്നാല്‍ ഏഴുമുതല്‍ പത്തുവരെ കേഡറ്റുകള്‍ക്കുള്ള പരിശീലനത്തിന് ക്യാംപില്‍ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ വിവിധ യൂണിഫോമുകളും ബാഡ്ജുകളും നേടുന്നതിലും പരേഡുകളില്‍ അഭിമാനത്തോടെ പങ്കെടുക്കുന്നത് ഈ പെണ്‍കുട്ടിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. 12നും 17നും ഇടയില്‍ പ്രായമുള്ള യുകെയിലെ മലയാളി കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി സിബി നിലബൂര്‍ ഈ അനുഭവം പങ്കുവെക്കുന്നു. ഭാവിയില്‍ എയര്‍ഫോഴ്‌സിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ താല്‍പ്പര്യമുള്ളവര്‍ക്ക് ആര്‍എഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് നല്‍കുന്നത്.
ഹൈക്കിങ്, ക്യാംപിങ്, നാവിഗേഷന്‍ പരിശീലനം, എക്‌സര്‍സൈസുകള്‍, റൈഫിള്‍ പരിശീലനം, ഷൂട്ടിങ് മത്സര പരിശീലനം, ലീഡര്‍ഷിപ്പ് പരിശീലനം, ടീം ബില്‍ഡിങ്, പ്രോബ്ലം സോള്‍വിങ്, സൈബര്‍ കമ്യൂണിക്കേഷന്‍ പരിശീലനം, എന്‍ജിനിയറിങ് സയന്‍സ് പ്രൊജക്ടുകള്‍, സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രാജ്യാന്തര ക്യാംപുകള്‍, നാറ്റോ ക്യാംപ് സന്ദര്‍ശനങ്ങള്‍, മിലിട്ടറി ക്യാംപ് സന്ദര്‍ശനങ്ങള്‍, ഡ്യൂക്ക് ഓഫ് എഡിന്‍ബറോ അവാര്‍ഡില്‍ പങ്കാളിയാകാന്‍ അവസരം എന്നിങ്ങനെ നിരവധി അവസരങ്ങള്‍ ആര്‍എഎഫ് കേഡറ്റുകള്‍ക്ക് ലഭിക്കും. ഇന്ന് നിയയോടൊപ്പം ആന്‍ട്കിമിലെ എയര്‍ ബേസില്‍ മറ്റ് നാല് മലയാളി കേഡറ്റുകളും വിമാനം പറത്താന്‍ ഉണ്ടായിരുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സിബി നിലബൂര്‍ കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മലയാളി കുട്ടികള്‍ എയര്‍, ആര്‍മി, നേവല്‍ കേഡറ്റുകളായി മുന്നോട്ട് വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളില്‍ ഉണ്ടാകും.