ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറോടെ ആലപ്പുഴ ജില്ലയെ ദാരിദ്ര്യമുക്തമാക്കുമെന്നു കൃഷി മന്ത്രി പി പ്രസാദ്. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ജില്ലയിലെ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുള്ള വീടുകള്‍ സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഭവനരഹിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണം മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം വീട് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 15 നകം പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പദ്ധതിയുടെ 90.78% ഇതിനകം പൂര്‍ത്തിയായതായി ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പ് അറിയിച്ചു. 2021 ല്‍ ആരംഭിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നിവയിലെ പോരായ്മകള്‍ പരിഹരിച്ച് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ആലപ്പുഴയില്‍ ഏറ്റവും ദരിദ്രരായ 3,613 കുടുംബങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ മിക്കവര്‍ക്കും ഇതിനകം സേവനങ്ങള്‍ നല്‍കി. 333 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി സഹായങ്ങള്‍ ലഭിക്കാനുള്ളത്. തിരിച്ചറിഞ്ഞ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണം, ആരോഗ്യം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചു. കൂടാതെ, ആവശ്യമുള്ള 208 പേര്‍ക്ക് വാടക വീട് ഒരുക്കി നല്‍കിയിട്ടുണ്ട്. മൊത്തം 466 കുടുംബങ്ങള്‍ക്ക് വീട് പുതുക്കിപ്പണിയേണ്ടതുണ്ട്. 39 കുടുംബങ്ങളുടെ കാര്യത്തിലാണ് ഇനി നടപടി ആവശ്യമുള്ളത്. ശേഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പ്രക്രിയ അവസാന ഘട്ടത്തിലാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.