വിഖ്യാത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി' യില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഏപ്രില്‍ 16 നാണ് കഴിഞ്ഞവര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.
'പിറവി'യിലൂടെ അതിനര്‍ഹനാകുമ്പോള്‍ ഷാജി എന്‍. കരുണ്‍ എന്ന ചലച്ചിത്രകാരന്‍, സംവിധായകന്‍ എന്ന നിലയില്‍ മാത്രമേ പുതുമുഖമായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അദ്ദേഹത്തിന്റെ കാല്പാടുകള്‍ മലയാള സിനിമയില്‍ പതിഞ്ഞിരുന്നു. 'പിറവി'യില്‍ നിന്നും എണ്ണിത്തുടങ്ങുമ്പോള്‍ ഓര്‍ക്കേണ്ട കാര്യമുണ്ട്, അതിനോടകം നാല്പതോളം ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു. പ്രശസ്തമായ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തില്‍ ബിരുദം കരസ്ഥമാക്കിയ ഷാജി എന്‍. കരുണ്‍, പ്രസിഡന്റിന്റെ സുവര്‍ണ്ണ മെഡലോടു കൂടി പഠനം പൂര്‍ത്തിയാക്കി.
അടൂരിന് മങ്കട രവിവര്‍മ്മ എങ്ങനെയോ, അതായിരുന്നു അരവിന്ദന് ഷാജി എന്‍. കരുണ്‍ എന്ന കൊല്ലം സ്വദേശിയായ ഷാജി നീലകണ്ഠന്‍ കരുണാകരന്‍. ക്യാമറയിലേക്ക് വെളിച്ചത്തിന്റെ താളമേളങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന അരവിന്ദന് എന്തുകൊണ്ടും ചേരുന്ന കൂട്ടായി മാറി ഷാജി.
കെ.ജി. ജോര്‍ജ്, ലെനിന്‍ രാജേന്ദ്രന്‍, ഹരിഹരന്‍, എം.ടി. തുടങ്ങി പ്രഗത്ഭ സംവിധായകന്മാര്‍ക്കും ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചുവെങ്കിലും, അരവിന്ദനുമായുള്ള ദീര്‍ഘകാല ബന്ധം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടായി. തമ്പ്, കാഞ്ചനസീത, എസ്തപ്പാന്‍, കുമ്മാട്ടി, പോക്കുവെയില്‍, മാറാട്ടം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ സിനിമകള്‍ക്ക് ഷാജി എന്‍. കരുണ്‍ ക്യാമറ ചലിപ്പിച്ചു. |