പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കെ സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നത്തെ തലമുറയില്‍ ഭൂരിഭാഗവും ഒരിക്കല്‍പോലും ഒരു യുദ്ധം കണ്ടിട്ടില്ല. യുദ്ധകാല സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയംരക്ഷയെ കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളോട് ഈ അഭ്യാസം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഇത് ഒരു മോക് ഡ്രില്‍ മാത്രമാണെന്നും വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. |