മേയ് ഏഴിന് ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിലാണ് ഈ സൈനിക നടപടി നടത്തിയത്. ഒന്‍പതോളം ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. അവയില്‍ നാലെണ്ണം പാകിസ്ഥാന്റെ ഉള്ളിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ് ഉള്ളത്. സൈനിക നടപടിക്ക് പിന്നാലെ സിന്ദൂരത്തിന്റെ ചിത്രം ഇന്ത്യന്‍ ആര്‍മി സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു.
അതേസമയം, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര താവളങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടത് പ്രധാനമന്ത്രിയാണെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ നടന്ന ഭീകരാക്രമണം രാജ്യം മറക്കില്ല. അന്ന് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം ഉല്ലാസത്തിനുമായെത്തിയ 26 പേരെയാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടുന്ന സംഘങ്ങളെ വളഞ്ഞ ഭീകരര്‍ പുരുഷന്മാരോട് അവരുടെ മതം ചോദിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്.
ഭാര്യമാരുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് 26 പുരുഷന്മാരുടെയും നേരെ അവര്‍ വെടിയുതിര്‍ത്തത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ 25 സ്ത്രീകളാണ് വിധവകളായത്. അവരിലൊരാളുടെ വിവാഹം സംഭവം നടക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കഴിഞ്ഞത്. |