ലണ്ടന്‍: ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ക്ക് ബ്രിട്ടിഷ് റോഡുകളില്‍ അനുമതി നല്‍കുന്നത് വൈകിപ്പിച്ച് സര്‍ക്കാര്‍. 2026 മുതല്‍ റോബോട്ടിക് കാറുകള്‍ക്ക് അനുമതി നല്‍കാനായിരുന്നു മുന്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അല്‍പംകൂടി വൈകി 2027 അവസാനപാദത്തില്‍ മാത്രം റോബോട്ടിക് കാറുകള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയാല്‍ മതിയെന്നാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ തന്നെ തങ്ങള്‍ റോബോടാക്‌സികള്‍ ബ്രിട്ടനിലെ നിരത്തുകളില്‍ ഇറക്കാന്‍ സര്‍വസജ്ജരാണെന്നാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറിന്റെ നിലപാട്. നിലവില്‍ വളരെ പരിമിതമായ രീതിയിലും പരീക്ഷണാടിസ്ഥാനത്തിലും ചില റോഡുകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ബ്രിട്ടനില്‍ അനുമതിയുണ്ട്. ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിലും ഈ പരീക്ഷണ ഓട്ടങ്ങള്‍ക്ക് കാറില്‍ ഡ്രൈവറുടെ സാന്നിധ്യം ഉണ്ടാകണം. കാറിന്റെ ഉത്തരവാദിത്വവും അവര്‍ ഏല്‍ക്കേണ്ടതുണ്ട്.
അമേരിക്ക, ചൈന, സിങ്കപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഡ്രൈവറില്ലാത്ത കാറുകള്‍ക്ക് നിരത്തിലിറങ്ങാന്‍ ഇപ്പോള്‍ അനുമതിയുള്ളത്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകള്‍ക്ക് ബ്രിട്ടണ്‍ അനുമതി വൈകിപ്പിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഊബര്‍ പറയുന്നത്. ഡ്രൈവറില്ലാത്ത കാറുകളില്‍ യാത്രചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ലെന്നു കരുതുന്നവരാണ് ബ്രിട്ടനിലെ ജനങ്ങളില്‍ 37 ശതമാനവും. 2024ല്‍ യുഗോവ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്. ജനകീയ അഭിപ്രായം എതിരായതാണ് എഐ സഹായത്തോടെയുള്ള ഈ കണ്ടുപിടിത്തത്തിന് വളരെ കരുതലോടെ മാത്രം ഇടംകൊടുക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വത്തിനും അതീവ പ്രാധാന്യം നല്‍കുന്ന ബ്രിട്ടണ്‍ എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷ ഉറപ്പാക്കിയേ ഇത്തരമൊരു ചുവടുവയ്പിന് തയാറാകൂ എന്നാണ് വിലയിരുത്തല്‍. കാല്‍നടക്കാര്‍, വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍, ഹെവി ട്രാഫിക്, താല്‍കാലിക ട്രാഫിക് ലൈറ്റുകള്‍, തലങ്ങും വിലങ്ങും പായുന്ന ഡെലിവറി ബോയ്‌സ് എന്നിവരുടെയെല്ലാം സുരക്ഷ കണക്കിലെടുക്കാതെ ഡ്രൈവര്‍ലസ് കാറുകള്‍ക്ക് അനുമതി ഉണ്ടാകില്ല. യാത്രക്കാരുടെ സുരക്ഷ, അപകടമുണ്ടായാലുള്ള തുടര്‍ നടപടിക്രമങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷയുടെ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം നിര്‍വചിച്ചും പുനര്‍നിര്‍വചിച്ചും മാത്രമേ ഈ പരീക്ഷണം സാധ്യമാകൂ.