ദേശീയ പാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാത നിര്‍മ്മാണത്തിന്റെ 'അ' മുതല്‍ 'ക്ഷ' വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാനിന്റെ നാലാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷമുള്‍പ്പടെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-ല്‍ അധികാരത്തി എത്തിയില്ലായിരുന്നെങ്കില്‍ ദേശീയപാത വികസനം നടക്കില്ലായിരുന്നുവെന്ന് പറഞ്ഞ് സംഭവത്തില്‍ മറ്റൊരുതരത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നെന്നുംഅദ്ദേഹം പറഞ്ഞു.
ദേശീയ പാത നിര്‍മ്മാണത്തില്‍ ചിലഭാഗങ്ങളില്‍പ്രശ്‌നമുണ്ടായപ്പോള്‍ അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുന്നോട്ടു വന്നചിലരുണ്ട്. അവര്‍ ഉപേക്ഷിച്ച് പോയ പണി നിങ്ങള്‍ എന്തിന് യാഥാര്‍ത്ഥ്യമാക്കാന്‍ പോയി എന്നാണ് ചോദ്യമെങ്കില്‍ അതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാമെന്നും അത് നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങള്‍ നിര്‍വഹിക്കേണ്ട പ്രാഥിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. |