|
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ 31 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. ചെങ്ങന്നൂര്‍ ചെറിയനാട് അരിയന്നൂര്‍ശേരി ജയപ്രകാശ് ആണ് അറസ്റ്റിലായത്. 1994ല്‍ ചെറിയനാട് സ്വദേശി കുട്ടപ്പപണിക്കര്‍ എന്നയാളെ കൊലപ്പെടുത്തി വിദേശത്തേക്ക് കടന്നുകളഞ്ഞ ഇയാള്‍ നാട്ടിലെത്തിയപ്പോളാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതി ഇപ്പോള്‍ താമസിക്കുന്ന ചെന്നിത്തല ഒരിപ്രം ഭാഗത്തുള്ള ഇന്ദീവരം എന്ന വീടിന് സമീപം വെച്ചായിരുന്നു അറസ്റ്റ് .
1994 നവംബര്‍ 19 ന് ചെങ്ങന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകകേസിലെ പ്രതിയാണ് ജയപ്രകാശ്. നവംബര്‍ 15 ന് രാത്രി 7.15 ഓടെയാണ് ചെറിയനാട് കനാല്‍ റോഡിന് സമീപം ജയപ്രകാശ് 71 കാരനായ കുട്ടപ്പപണിക്കരെ ആക്രമിച്ചത്. കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ച കുട്ടപ്പപണിക്കര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. സംഭവശേഷം ബോംബെയിലേക്ക് പോയ ജയപ്രകാശ് പിന്നീട് അവിടെ നിന്ന് സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയുമായിരുന്നു. |