|
ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 13 മലയാളി നഴ്സുമാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബാങ്കിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ 13 നഴ്സുമാര്‍ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അല്‍ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആന്‍ഡ് തോമസ് അസോസിയേറ്റ്‌സിലെ തോമസ് ജെ അനക്കല്ലുങ്കല്‍ പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗള്‍ഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2024 ഡിസംബറില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
2019 നും 2021 നും ഇടയില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന സമയത്താണ് നഴ്‌സുമാര്‍ വായ്പയെടുത്തത്. ''തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം ഈ നഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാല്‍ പിന്നീട് മികച്ച അവസരങ്ങള്‍ക്കായി യൂറോപ്പിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും കുടിയേറി. എന്നിട്ടും അവര്‍ വായ്പ തിരിച്ചടച്ചിട്ടില്ല,'' അദ്ദേഹം പറഞ്ഞു. അല്‍ അഹ്ലി ബാങ്ക് കേരള സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം, എറണാകുളം ജില്ലകളിലായി അടുത്തിടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. |