|
മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും. നാളെ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികള്‍ക്കുള്ള വിദ്യാരംഭവുമായി വിജയദശമി ആഘോഷിക്കും. ദുര്‍ഗയായി അവതരിച്ച പാര്‍വതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.
കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്‍വശക്തിമാന്‍ ആയെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ്വിശ്വാസം. |