കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം അരങ്ങേറി. പെരിങ്ങത്തൂരില്‍ അംഗന്‍വാടി ഉദ്ഘാടനം സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ നേരിട്ട് കാണാനെത്തിയ പ്രതിഷേധക്കാര്‍ മാലിന്യ പ്രശ്നത്തില്‍ ഇടപെടാത്തതിനെതിരെ ശക്തമായ വാക്കുതര്‍ക്കം നടത്തി. ഇതാണ് പിന്നീട് കയ്യേറ്റ ശ്രമത്തിലേക്ക് വഴിമാറിയത്.
പ്രദേശത്തെ ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്ന പ്രശ്നം ഉന്നയിച്ച് നാട്ടുകാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രശ്നം എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വേണ്ടവിധം പരിഗണന ലഭിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.
ചടങ്ങിനിടെ പ്രതിഷേധക്കാര്‍ക്കിടയിലൂടെ നടന്നു പോകുമ്പോള്‍ എംഎല്‍എയ്ക്കെതിരേ വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയതായാണ് വിവരം. സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ സ്ഥിതി നിയന്ത്രിക്കപ്പെട്ടു.