ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത വര്‍ധിക്കുന്നു. സിംഗപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെയല്ല, കടലില്‍ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് സുബീനുമായി അടുത്ത ബന്ധമുള്ള രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
സംഗീതജ്ഞന്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയും ഗായിക അമൃത്പ്രഭ മഹന്തയും ആണ് അറസ്റ്റിലായത്. സിംഗപ്പൂര്‍ യാത്രയില്‍ സുബിനോടൊപ്പം ഉണ്ടായിരുന്ന ഇരുവരെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
മുന്‍പ് സുബീന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹന്തും അറസ്റ്റിലായിരുന്നു. ഗൂഢാലോചനയും മനഃപൂര്‍വമല്ലാത്ത നരഹത്യയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലാണ് നടപടി.
സുബീന്‍ കടലില്‍ നീന്തുമ്പോള്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇവ ദൃശ്യങ്ങള്‍ മഹന്തയുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരണം വിദേശത്ത് സംഭവിച്ചതിനാല്‍ സിംഗപ്പൂര്‍ അധികൃതരുമായി ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ സിംഗപ്പൂരിലേക്ക് പോകും.
സുബീന്റെ മൃതദേഹം സിംഗപ്പൂരില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറും. ഇന്ത്യയില്‍ എത്തിച്ചശേഷവും മൃതദേഹത്തിന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്. എന്നാല്‍, ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടില്ല. ഈ റിപ്പോര്ട്ട് ലഭിച്ചശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ.
സെപ്തംബര്‍ 19നാണ് സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി സിംഗപ്പൂര്‍ എത്തിയതായിരുന്നു.