തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ആദരിച്ചു. 'ലാല്‍ സലാം' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് മലയാളി സമൂഹം ആവേശത്തോടെയാണ് വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിയൊരുക്കി. ''രണ്ട് ദശാബ്ദം മുമ്പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിന് എനിക്കും സന്തോഷവും അഭിമാനവുമുണ്ട്'' എന്നായിരുന്നു അടൂര്‍ പറഞ്ഞത്.
ഇതിന് മറുപടിയായി മോഹന്‍ലാല്‍ പരോക്ഷമായി പ്രതികരിച്ചു. ''എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റുള്ളവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു'' എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ കൈയടിയോടെ സ്വീകരിക്കപ്പെട്ടു.
അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരിച്ച ആരാധകരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ''തന്റെ സിനിമാ ജീവിതത്തിന്റെ കൊടുമുടിയില്‍ എത്തിയപ്പോഴും മോഹന്‍ലാല്‍ നമ്രതയോടെ ആദരവിന് മുന്നില്‍ നില്‍ക്കുന്നു. കാല്‍ മണ്ണില്‍ ഉണ്ട് സര്‍, അതുകൊണ്ട് ജനങ്ങള്‍ കൈ വിടില്ല'' എന്നായിരുന്നു ആരാധകന്‍ അരുണ്‍ വര്‍ഗീസ് എഴുതിയത്.
സെപ്തംബര്‍ 23ന് മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം ഫാല്‍ക്കെ പുരസ്‌കാരവും നല്‍കി. മലയാളത്തില്‍ നിന്നുമൊരു നടന്‍ ആദ്യമായി ഈ പുരസ്‌കാരം നേടുകയാണ്. നേരത്തെ ഈ പുരസ്‌കാരം ലഭിച്ച ഏക മലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്.