ജയ്പുര്‍: രാജസ്ഥാനിലെ സവായ് മാന്‍ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാര്‍ഡിലെ രണ്ടാം നിലയിലുള്ള സ്റ്റോര്‍ റൂമിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരില്‍ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്. അഞ്ച് രോഗികളുടെ നില അതീവ ഗുരുതരമാണ്. അപകടം നടന്നതിനു പിന്നാലെ ജീവനക്കാര്‍ രോഗികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ആറ് പേരെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
തീപിടിത്തത്തില്‍ ഐസിയുവിലുണ്ടായിരുന്ന പേപ്പര്‍ ഫയലുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രക്ത സാമ്പിള്‍ ട്യൂബുകള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കത്തി നശിച്ചു. ട്രോമ സെന്ററിന്റെ രണ്ടാം നിലയില്‍ ട്രോമ ഐസിയുവും സെമി ഐസിയുവുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ യഥാക്രമം 11 പേരും 13 പേരും ചികിത്സയിലായിരുന്നു. സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. വിഷ വാതകങ്ങള്‍ പുറത്തുവന്നതും തീയുടെ വ്യാപനവും നില വഷളാക്കാന്‍ കാരണമായി.