വാഷിങ്ടണ്‍: പാകിസ്ഥാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ യുഎന്‍ പ്രതിനിധി പര്‍വതനേനി ഹരീഷ്. 'സ്വന്തം ജനതയ്ക്കെതിരേ ബോംബിടുന്ന, സൈന്യത്തിന് കൂട്ടബലാത്സംഗത്തിന് അനുമതി നല്‍കുന്ന, വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യമാണ് പാകിസ്ഥാന്‍,' എന്നായിരുന്നു ഹരീഷിന്റെ കഠിനമായ വിമര്‍ശനം.
'സ്ത്രീകള്‍, സമാധാനവും സുരക്ഷയും' എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാസമിതിയില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ജമ്മു-കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ പ്രതിനിധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യയുടെ നിലപാട് ശക്തമായി ഉയര്‍ന്നത്.
'നിര്‍ഭാഗ്യവശാല്‍ ഓരോ വര്‍ഷവും ജമ്മു-കശ്മീരിനെതിരേ പാകിസ്ഥാന്‍ വഞ്ചനാപരമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നു. ഇന്ത്യയുടെ സ്ത്രീ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്. തെറ്റിദ്ധാരണകളും അതിശയോക്തികളും ഉപയോഗിച്ച് ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു,' ഹരീഷ് പറഞ്ഞു.
1971-ലെ ഓപ്പറേഷന്‍ സെര്‍ച്ച്‌ലൈറ്റിന്റെ ഭാഗമായി, പാകിസ്ഥാന്‍ സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ലോകം പാകിസ്ഥാന്റെ പ്രോപഗാണ്ട കാണുന്നുണ്ട്,' ഹരീഷ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ പ്രതിനിധി കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുകയാണെന്ന് ആരോപിച്ചതിന് മറുപടിയായി, ഇന്ത്യയുടെ വനിതാ സേനാംഗങ്ങളുടെ ചരിത്രം ഹരീഷ് ഉദ്ധരിച്ചു. 1960കളില്‍ കോംഗോയിലെ യുഎന്‍ ദൗത്യങ്ങളില്‍ വനിതാ മെഡിക്കല്‍ ഓഫീസര്‍മാരെ വിന്യസിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.