കൊച്ചി: മലയാളികളുടെ പ്രിയ നടി ശാന്തി കൃഷ്ണ കരിയറില്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന ശാന്തി കൃഷ്ണ, സൂപ്പര്‍താരങ്ങളോടൊപ്പം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള കഥാപാത്രങ്ങള്‍ പ്രത്യേകിച്ച് ശ്രദ്ധേയമായതായും കൗതുകമുണര്‍ത്തിയതായും നടി പറയുന്നു.
സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമകളും കഥാപാത്രങ്ങളും കുറിച്ചാണ് ശാന്തി കൃഷ്ണ തുറന്നു പറഞ്ഞത്. 'ലാലും ഞാനും ഒരേ കാലത്ത് സിനിമയിലെത്തിയവരാണ്. ഇന്നത്തെ താരപദവി ചേര്‍ത്തുവച്ചല്ല ലാലിനെ ഞാന്‍ കാണുന്നത്. നേരിട്ട് കാണുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്,' നടി പറഞ്ഞു.
വിഷ്ണു ലോകം, ചെങ്കോല്‍, പക്ഷെ, ഗാന്ധര്‍വ്വം, മായാമയൂരം, പിന്‍ഗാമി തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. 'സിനിമയില്‍ വേഷം എന്താണെന്ന് നോക്കുമെന്നല്ലാതെ ലാലിന്റെ അമ്മയാണോ അമ്മായിയമ്മയാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല,' അവര്‍ പറഞ്ഞു.
പിന്‍ഗാമിയില്‍ മോഹന്‍ലാലിന്റെ അമ്മ വേഷം ചെയ്‌തെങ്കിലും ഫ്ളാഷ്ബാക്കില്‍ ദേവന്റെ ഭാര്യയായാണ് അഭിനയിച്ചത്. 'അഭിനയിച്ച ശേഷം മാത്രമാണ് അമ്മ കഥാപാത്രമാണെന്ന് മനസിലായത്. ഷൂട്ടിങ്ങിനിടെ ലാല്‍ തമാശയായി 'അമ്മയാണല്ലേ' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 'മിണ്ടരുത്, അമ്മയാണെന്നൊന്നും പറയരുത്' എന്ന് പറഞ്ഞിരുന്നു,' ശാന്തി കൃഷ്ണ ഓര്‍മ്മിക്കുന്നു.
'ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചപ്പോഴാണ് സിബി മലയില്‍ ചെങ്കോലിലേക്ക് ക്ഷണിച്ചത്. സെറ്റില്‍ ചെന്നപ്പോഴാണ് മോഹന്‍ലാലിന്റെ നായികയുടെ അമ്മ വേഷമാണെന്ന് അറിയുന്നത്. പക്ഷെ അപ്പോഴും പ്രേക്ഷകര്‍ ആരും 'ശാന്തി അമ്മയായിട്ട് അഭിനയിച്ചല്ലോ' എന്ന് പറഞ്ഞിട്ടില്ല,' നടി പറഞ്ഞു.
ലാലിന്റെ അമ്മ വേഷം ചെയ്തതുകൊണ്ട് ഇനി നായിക വേഷം ലഭിക്കില്ലെന്ന ആശങ്ക ഉണ്ടായിട്ടില്ലെന്നും 'പക്ഷെ'യില്‍ ലാലിന്റെ ഭാര്യ വേഷമായിരുന്നെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി. 'ഇനി ചെയ്യാനുള്ളത് ലാലിന്റെ അമ്മൂമ്മയുടെ വേഷം മാത്രമായിരിക്കും,' എന്നായിരുന്നു നടിയുടെ തമാശ. മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.