കീവ്: റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ യുവാവ് യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്തിലെ മോര്‍ബി സ്വദേശിയായ മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് യുക്രൈന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എന്നാല്‍ യുവാവ് പിടിയിലായെന്ന വിവരം വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുവാവ് യുക്രൈന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായും ഇനി റഷ്യയിലേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കുന്ന വിഡിയോ യുക്രൈന്‍ സൈന്യത്തിന്റെ 63-ാം ബ്രിഗേഡ് പുറത്തുവിട്ടിട്ടുണ്ട്. വിദേശികളെ റഷ്യന്‍ സൈന്യത്തിലേക്ക് വ്യാപകമായി റിക്രൂട്ട് ചെയ്യുന്നതായി യുക്രൈന്‍ ആരോപിക്കുന്നു.
റഷ്യയില്‍ ഉപരിപഠനത്തിനായി എത്തിയതിനു ശേഷം ലഹരി പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട കേസില്‍ യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യവുമായി കരാറില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യന്‍ സൈന്യത്തില്‍ ചേരുകയായിരുന്നു. എന്നാല്‍ അവിടെനിന്ന് പുറത്തുകടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച യുവാവ് യുക്രൈന്‍ സൈന്യത്തിന് മുന്നില്‍ തോക്കു താഴെ വെച്ച് കീഴടങ്ങിയതായും റഷ്യയിലേക്ക് ഇനി തിരികെ പോകാന്‍ താല്‍പ്പര്യമില്ലെന്നും വിഡിയോയില്‍ പറയുന്നു.