കൊച്ചി: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ദ്വാരപാലകര്‍ എന്നത് ദ്വാരത്തിനു കാവല്‍ നില്‍ക്കുന്നവരായി മന്ത്രി മനസ്സിലാക്കിയതായിരിക്കാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു വിമര്‍ശിച്ചു. ''അപ്പോള്‍ പിന്നെ ചെയ്യാവുന്നത് ദ്വാരം അവിടെ നിലനിര്‍ത്തി ബാക്കിയൊക്കെ എടുക്കുക തന്നെ'' എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, വിവാദത്തില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര്‍ രാജീവര്‍ രംഗത്തെത്തി. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയതായി മുരാരി ബാബു തെറ്റിദ്ധരിപ്പിച്ചതാണെന്ന് തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ കുറിപ്പില്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.