തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ പത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഒടുവില്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ്.
കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം എവിടെ നിന്നാണ് പിടിപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നിലവില്‍ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണ് ഉള്ളത്. 2025-ല്‍ ഇതുവരെ സംസ്ഥാനത്ത് 98 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, 22 മരണങ്ങള്‍ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.