കണ്ണൂര്‍: ട്രാഫിക് നിയമം ലംഘിച്ച് ബസ് ഓടിച്ചതും നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തിയതും സംബന്ധിച്ച് ബസ് ജീവനക്കാരുടെ അപമര്യാദ പെരുമാറ്റത്തിനെതിരെ നടി സനുഷ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സനുഷ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ചൊവ്വാഴ്ച രാത്രി ഏഴിന് കണ്ണൂര്‍ നഗരത്തിലാണ് സനുഷയും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടന്നത്. സനുഷയോടിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് കുറുകെയിട്ടു ഡ്രൈവര്‍ വാഹനം തടഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ സനുഷയോടും അച്ഛനും അമ്മയോടും കയര്‍ത്തു സംസാരിക്കുകയും, അനുമതിയില്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് സനുഷയുടെ കുടുംബം ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ബസ് ജീവനക്കാരെ വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചു. കേസില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് സനുഷ അറിയിച്ചതിനാല്‍ തുടര്‍ നടപടികള്‍ ഒഴിവാക്കി.
മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ രഹസ്യമായാണ് സനുഷ പരാതി നല്‍കാനെത്തിയത്. ലണ്ടനില്‍ ഉന്നത വിദ്യാഭ്യാസം തുടരുന്ന സനുഷ നവരാത്രി ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു. 'കാഴച' എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്.