പാലക്കാട്: കലുങ്ക് സംവാദപരിപാടിക്കിടയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദമായി. ''പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നേരത്തെ ''കഞ്ഞിപാത്രം'' എന്ന പരാമര്‍ശം വിവാദമായിരുന്നു.
പാലക്കാട് ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ പുതിയ പരാമര്‍ശം. തെരഞ്ഞെടുപ്പ് സമയത്ത് കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അതെറിയണമെന്ന് പറഞ്ഞതും ശ്രദ്ധേയമായി.
ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന യുവതിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ''നമ്മുടെ കുട്ടികള്‍ മതത്തിന്റെ മൂല്യങ്ങളില്ലാതെ വളരുകയാണ്. രാമായണവും മഹാഭാരതവുമൊക്കെ ടിവിയിലൂടെയാണ് കാണുന്നത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മതപാഠം ലഭിക്കേണ്ടതില്ലേ?'' എന്നായിരുന്നു യുവതിയുടെ ചോദ്യം.
ഇതിന് മറുപടിയായി ''അത് നിങ്ങളുടെ എം.എല്‍.എയോട് ചോദിക്കൂ'' എന്ന് പറഞ്ഞ സുരേഷ് ഗോപി, എം.എല്‍.എ ഏത് പാര്‍ട്ടിയാണെന്ന് ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന മറുപടി ലഭിച്ചതോടെ, ''മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ കീഴിലാണ് ദേവസ്വം ബോര്‍ഡ്. അതിനാല്‍ എം.എല്‍.എയുടെ വീട്ടില്‍ കയറി ചോദിക്കേണ്ട ചോദ്യമാണത്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''നിങ്ങളുടെ എം.എല്‍.എക്ക് കഴിയില്ലെങ്കില്‍, അതിന് സാധിക്കുന്ന എം.എല്‍.എയെ ഇവിടെ നിന്ന് തെരഞ്ഞെടുക്കൂ'' എന്നത് സുരേഷ് ഗോപിയുടെ അവസാന വാക്കായിരുന്നു. പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാകുകയാണ്.