തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഡിസംബര്‍ 9-നാണ് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11-ന്. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് ശനിയാഴ്ച നടക്കും.
തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് നടക്കില്ല.
23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍:
- 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍
- 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍
- 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍
- 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍
- 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍
ആകെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
വോട്ടര്‍മാരുടെ എണ്ണം 2.84 കോടി കടന്നു
സംസ്ഥാനത്ത് 2,84,30,761 ലേറെ വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍:
- 1,34,12,470 പുരുഷന്മാര്‍
- 1,50,18,010 സ്ത്രീകള്‍
- 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍
- 2841 പ്രവാസി വോട്ടര്‍മാര്‍
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. അതിന് മുമ്പ് 6 മണിക്ക് മോക് പോള്‍ നടത്തും. പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ രേഖയായി ആധാര്‍, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കാം.
വോട്ടെടുപ്പ് ദിവസം നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതുണ്ട്. മദ്യശാലകള്‍ വോട്ടെടുപ്പ് ദിവസം അടച്ചിരിക്കും.