കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചതിനെതിരെ ഹര്‍ജി. കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കാര്‍ഷികോത്പാദന കമ്മീഷണറുമായ ബി അശോക് ആണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
- ചട്ടലംഘന ആരോപണം: സര്‍ക്കാര്‍ പദവിയില്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
- നിയമന സാഹചര്യങ്ങള്‍: ഐഎംജി ഡയറക്ടര്‍ പദവിയില്‍ തുടരുന്നതിനിടെയാണ് കെ ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചത്.
- കോടതി നടപടി: അശോകിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചു.
ജയകുമാറിന്റെ പ്രതികരണം:
ഇരട്ട പദവി ചട്ടലംഘനമല്ലെന്നും, ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത് പുതിയ നിയമനം വരുന്നതുവരെയാണ് താന്‍ തുടരുന്നതെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. ഒരേ സമയം രണ്ടു പ്രതിഫലം സ്വീകരിക്കുന്നില്ലെന്നും, കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു