Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമലയില്‍ സ്പോണ്‍സര്‍മാരെ മുന്‍നിര്‍ത്തിയ തട്ടിപ്പ്: 2012ലെ സംഭവം വീണ്ടും ശ്രദ്ധയില്‍
reporter

പത്തനംതിട്ട: ശബരിമലയില്‍ സ്പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുമ്പും തട്ടിപ്പ് നടന്നുവെന്ന് റിപ്പോര്‍ട്ട്. തന്ത്രിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ അറിവില്ലാതെ കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ച സംഭവമാണ് 2012ല്‍ നടന്നത്. അന്ന് സ്പോണ്‍സറായി എത്തിയിരുന്നത് ചെന്നൈയിലെ കുമരന്‍ സില്‍ക്‌സാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവം ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ച ദിവസങ്ങളിലായിരുന്നു പെയിന്റ് ചെയ്യല്‍. ആചാരലംഘനമായി കാണേണ്ട പ്രവൃത്തിയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2011 ഡിസംബര്‍ 28 മുതല്‍ 30 വരെ സ്വര്‍ണ്ണകൊടിമരത്തിന്റെ ചുവട്ടിലെ പഞ്ചവര്‍ഗ്ഗത്തറ, പീഠം, അഷ്ടദിക്പാലക പ്രതിഷ്ഠകള്‍ എന്നിവിടങ്ങളില്‍ സ്വര്‍ണ്ണനിറമുള്ള പെയിന്റ് സ്‌പ്രേ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് ഓഫീസര്‍ എം. സതീഷ്‌കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജന്‍ എന്നിവരുടെ അറിവോടെയാണ് പ്രവൃത്തി നടന്നതെന്നും, ലെയ്‌സണ്‍ ഓഫീസര്‍ പി. ബാലന്‍ സ്പോണ്‍സറുടെ ചെലവില്‍ ജോലിക്കാരെ നിയോഗിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രിയുടെയോ ദേവസ്വം കമ്മീഷണറുടെയോ അനുമതിയില്ലാതെ നടന്ന പ്രവൃത്തി ഗുരുതര വീഴ്ചയാണെന്ന് വിജിലന്‍സ് എസ്.പി. ഗോപകുമാര്‍ 2013 ജനുവരിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ സ്പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി ഭക്തരെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കുകയും, അതിന്റെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോടികള്‍ പിരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവഴിച്ച ചെറിയൊരു ഭാഗം ഒഴികെ ബാക്കി തുക സ്പോണ്‍സര്‍മാരും ഉദ്യോഗസ്ഥരും പങ്കിട്ടെടുത്തുവെന്ന ആരോപണവും ഉണ്ട്. ദേവസ്വം ബോര്‍ഡിന്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരു സ്പോണ്‍സര്‍ഷിപ്പും സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും, ഉദ്യോഗസ്ഥര്‍ അത് ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window