Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4522 INR  1 EURO=110.8402 INR
ukmalayalampathram.com
Fri 12th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്; രാഷ്ട്രീയ ഏറ്റുമുട്ടലിന് പിന്നാലെ സൗഹൃദ കൂടിക്കാഴ്ച
reporter

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ ആല്‍വാര്‍പേട്ടിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ നേരില്‍ കാണുന്ന പതിവിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്. ഭരണമാറ്റത്തിന് ശേഷമുള്ള വിജയിയുടെയും സ്റ്റാലിന്റെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ ആദ്യം ഉദയനിധി സ്റ്റാലിന്‍ ആലിംഗനം ചെയ്ത് സ്വീകരിച്ചു. പിന്നാലെ എം.കെ. സ്റ്റാലിന്‍ ഹസ്തദാനം നല്‍കി വിജയിയെ സ്വീകരിക്കുകയും ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും പൂച്ചെണ്ടുകള്‍ കൈമാറുകയും ചെയ്തു. ഡിഎംകെയുടെ 75 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം അവതരിപ്പിക്കുന്ന 'കാലത്തിന്റെ നിറം കറുപ്പ് ചുവപ്പ്' എന്ന പുസ്തകവും ഉദയനിധി വിജയിന് സമ്മാനമായി നല്‍കി.

സംസ്ഥാനത്തിന്റെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയ്ക്ക് കാരണം മുന്‍ ഡിഎംകെ സര്‍ക്കാരാണെന്ന വിജയിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. വിജയിയുടെ പരാമര്‍ശങ്ങള്‍ക്ക് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. നിലവില്‍ ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍, നിയമസഭയിലെ ചര്‍ച്ചകള്‍ സുഗമമാക്കാനും പൊതുജനക്ഷേമ പദ്ധതികളുടെ നടപ്പാക്കലില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഈ കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, സ്റ്റാലിനെ കണ്ടതിന് പിന്നാലെ എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയെയും വിജയ് സന്ദര്‍ശിച്ചു. നാളെ വിസികെ അധ്യക്ഷന്‍ തിരുമാവളവനുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളുമായും വിജയ് ചര്‍ച്ച നടത്തിയിരുന്നു.

 
Other News in this category

 
 




 
Close Window