Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
എന്തുചെയ്യണമെന്ന് അറിയാതെ ഡോക്റ്റര്‍മാര്‍, രോഗികള്‍ ഇടനാഴിയില്‍ മരിച്ചുവീഴുന്നു, ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത്
reporter

ലണ്ടന്‍: ശൈത്യം രൂക്ഷമായതോടെ എന്‍എച്ച്എസിലെ ഡോക്റ്റര്‍മാര്‍ ആശങ്കയിലാണ്. കിടക്കകള്‍ ഇല്ലാത്തതു മൂലം രോഗികള്‍ നിലത്താണ് കിടക്കുന്നത്. ഇതോടെ മറ്റ് അസുഖങ്ങള്‍ പിടിപെടാനും ഇത് ഇടയാക്കുന്നു. ഇതോടെ പ്രധാനമന്ത്രി തെരേസ മേയെ ആശങ്ക അറിയിച്ച് ഡോക്റ്റര്‍മാര്‍. 68 മുതിര്‍ന്ന ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡോക്റ്റര്‍മാരാണ് എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി തെരേസ മേയ്ക്ക് കത്ത് അയച്ചത്. ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ഇടനാഴികളില്‍ ട്രോളികളിലും മറ്റുമായാണ് പലര്‍ക്കും ചികിത്സ നല്‍കുന്നത്. വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ വാര്‍ഡുകളിലാണ് പ്രവേശനം നല്‍കുന്നത്. ബെഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ട്രോളികളില്‍ കാത്തിരിക്കേണ്ടി വരുന്നത് 12 മണിക്കൂര്‍ വരെയാണ്. ആയിരക്കണക്കിന് രോഗികള്‍ ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടതായി വന്നു. ആശുപത്രി ഇടനാഴികളില്‍ 120ലേറെ രോഗികളെയാണ് ഓരോ ദിവസവും ജീവനക്കാര്‍ക്ക് നോക്കേണ്ടി വരുന്നത്. ഒട്ടു സുരക്ഷിതമല്ലാത്ത ഈ രീതി മൂലം ചില രോഗികള്‍ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായെന്നുംഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കടുത്ത മഞ്ഞും തണുപ്പും മൂലം പനിയുമായി എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 137 ആശുപത്രി ട്രസ്റ്റുകളില്‍ 133 എണ്ണത്തിലും കഴിഞ്ഞയാഴ്ച വാര്‍ഡുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അഭൂതപൂര്‍വ്വമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതേസമയം ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാത്തതിന്റെ പ്രധാന കാരണം ഫണ്ടില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണെന്ന അഭിപ്രായമാണ് ആശുപത്രി അധികൃതര്‍ക്കുള്ളത്. രോഗികളുടെ തിരക്ക് മൂലം ചിലര്‍ക്ക് നിലത്ത് കിടത്തി ചികിത്സ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം തന്നെയാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാരും ഇപ്പോള്‍ ഉന്നയിക്കുന്നത്.

 
Other News in this category

 
 




 
Close Window